കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് അവന്റെ കഫീൽ അവിടേക്കു വന്നത്, പക്ഷെ പ്രതീക്ഷിച്ചപോലെ അധികം പ്രായമുള്ള ആളല്ല, ഏകദേശം നാല്പതിനടുത്തു പ്രായം തോന്നിക്കും. അറിയാവുന്ന ഭാഷയിൽ കാര്യം അവതരിപ്പിച്ചു, “തോട്ടങ്ങളൊന്നു അടുത്തുചെന്നു കാണണം, എന്തൊക്കെയാണ് കൃഷി എന്നറിയാൻ ഒരു കൗതുകം, പിന്നെ കുറച്ചു ഫോട്ടോസും”. ഞങ്ങളെക്കാൾ ആവേശമായി പിന്നെ അദ്ദേഹത്തിന്, എല്ലാം അടുത്ത് കൊണ്ട് പോയി വിശദീകരിച്ചു കാണിച്ചു തന്നു.
തക്കാളി, വെണ്ട, പയർ തുടങ്ങി പത്തിലധികം പച്ചക്കറികൾ, അതിനു ചുറ്റും കായ്ച്ചുനിൽകുന്ന വിവിധയിനം മാവുകൾ. അദ്ദേഹത്തിന്റെ സന്തോഷം കണ്ടപ്പോൾ വിചാരിച്ചതിലും കൂടുതൽ സമയം അവിടെ ചിലവഴിച്ചു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന തോട്ടം മുമ്പത്തെ തോട്ടക്കാരന്റെ അശ്രദ്ധകാരണം ശോഷിച്ചു പോയതിന്റെ വിഷമവും അദ്ദേഹം മറച്ചുവെച്ചില്ല. ഒടുവിൽ ഞങ്ങൾക്കു എന്തെകിലും ഭക്ഷണം നല്കാൻ പറ്റാത്തതിന്റെ വിഷമമായി മൂപ്പർക്ക്. കുറച്ചു പച്ചമാങ്ങ മാവിൽ നിന്നും പറിച്ചു ഉപ്പുംകൂട്ടി അടിക്കാമെന്നു തീരുമാനിച്ചു, അദ്ദേഹം തന്ന വെള്ളകുപ്പികളും സ്വീകരിച്ചു നന്ദി പറഞ്ഞു മടങ്ങി, ഒത്തിരി സന്തോഷത്തോടെ. ഒപ്പം ആരെയും മുൻവിധികളോടെ കാണരുതെന്ന് സ്വന്തത്തെ ഒരിക്കൽകൂടി ഓര്മപെടുത്തികൊണ്ടു.
ജുമുഅ നമസ്കാരവും ഉച്ചഭക്ഷണവും കഴിഞ്ഞു അൽ-ജർഫിൽ നിന്നും യാത്ര തുടർന്നു. അൽ-സൗദ് മലയുടെ ഏറ്റവും മുകളിലുള്ള viewpoint ആണ് ലക്‌ഷ്യം. അവിടുന്നാണ് കേബിൾ കാർ സഫാരി തുടങ്ങുന്നത്. അൽ-ഔസ് വഴി ചുരം കയറിയാൽ എളുപ്പമെത്താം. കേബിൾ കാർ സഫാരി (Teleferic) ആയിരുന്ന അടുത്ത പ്രോഗ്രാം. മഞ്ഞുമൂടിയ മലമുകളിൽ നിന്നും പാതിമൂടിയ കാഴ്ച്ചയിൽ കുത്തനെ താഴോട്ട്. ചുറ്റും പടർന്നു നിൽക്കുന്ന മലനിരകൾ. ഏകദേശം 15 മിനുട്ടിനു ശേഷം താഴെയിറങ്ങി, അവിടുള്ള പാർക്കിൽ കുറച്ചു സമയം ചിലവിട്ടു. തിരിച്ചു കേബിളിൽ വീണ്ടും സൗദയുടെ മുകളിലേക്ക്. കേബിൾ കാർ സഫാരിക്കു ശേഷം അവിടുന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സൗദ viewpoint ലേക്ക് തിരിച്ചു. viewpoint ലെത്തി, കുറച്ചു നേരം ഇറങ്ങിനടന്നു.
അൽ-ഹബല
രണ്ടാം ദിവസ്സം. രാവിലെ 7 മണിക്കു മുൻപുതന്നെ അന്നത്തെ യാത്ര ആരംഭിച്ചു. അബഹ ടൗണിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ-ഹബല എന്ന കൊച്ചു ഗ്രാമത്തിലേക്ക്. ഹബല എന്ന അറബിപദത്തിന്റെ അർഥം “കയർ” എന്നാണ്. ഈ ഗ്രാമത്തിന്റെ പ്രത്യേകത എന്തെന്നവെച്ചാൽ ഇത് സ്ഥിതി ചെയ്യുന്നത് മലനിരകളുടെ ഒത്ത നടുക്കാണ്.
മുപ്പതു വര്ഷങ്ങൾക്കു മുൻപുവരെ flower men എന്നറിയപ്പെട്ടിരുന്ന ഗോത്രക്കാർ ഇവിടെ ജീവിച്ചിരുന്നു. പിന്നീട് വിനോദസഞ്ചാരം വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഗവണ്മെന്റ് അവരെ അവിടുന്ന് മാറ്റി താമസിപ്പിക്കുകയായിരുന്നു. പഴയകാലത്തെ ഓട്ടോമൻ സാമ്രാജ്യകാലത്ത് സുരക്ഷയ്ക്ക് വേണ്ടി അവർ സ്വീകരിച്ച മാർഗ്ഗമാണ് മലനിരകൾക്കിടയിലുള്ള താമസം. കയറുകൊണ്ടുള്ള പ്രത്യേകം ഏണികൾ ഉപയോഗിച്ചാണ് മലമുകളിൽ നിന്ന് അവരുടെ വീടുകളിലേക്ക് പ്രവേശിക്കുന്നത്. ഒരിക്കൽ പുറത്തിറങ്ങിയാൽ മാസങ്ങളോളം കഴിയാനുള്ള വിഭവങ്ങൾ ശേഖരിച്ചാണ് മടക്കം. പിൽക്കാലത്തു അങ്ങോട്ടേക്കുള്ള വിനോദസഞ്ചാരം വർധിച്ചതോടെ Hanging Village എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
മലയുടെ മുകളിലേക്ക് നിഷ്പ്രയാസം എത്താൻ സാധിക്കുന്ന റോഡുകളുണ്ട് ഇന്നവിടെ. മലയുടെ അറ്റത്തുള്ള viewpoint വരെ വാഹനം ചെല്ലും. ചുറ്റും കമ്പിവേലി കെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്. കുടുംബവുമായി വന്നു സമയം ചിലഴിക്കാൻ സൗകര്യത്തിൽ നിരവധി കൊച്ചു കൂടാരങ്ങൾ. അടുപ്പുകൂട്ടി പ്രാതൽ ഉണ്ടാക്കുന്ന കുറച്ചു ആളുകളെയും ഞങ്ങളവിടെ കണ്ടു.
പുലരിയുടെ നേരിയ വെട്ടവും കോടമഞ്ഞും കൂടിക്കലർന്ന പ്രകൃതിയുടെ സമാനതകളില്ലാത്ത ചായക്കൂട്ടാണ് കിഴക്കേയാകാശത്ത്. ആ കാഴ്ചയും കണ്ട് പതുക്കെ വേലിക്കടുത്തേക്കു നടന്നു.അറ്റത്തിൽ നിന്നും കീഴ്‌പ്പോട്ടുള്ള കാഴ്ച അതിമനോഹരമാണ്. ഒരു വലിയലോകം തന്നെയുണ്ട് കീഴെ, അല്ല, ലോകം തന്നെ കാൽകീഴിൽവന്നു നിൽക്കുകയാണെന്നെ തോന്നു. മലമുകളിൽ വെള്ളച്ചാട്ടങ്ങളുടെ ഉൽഭവസ്ഥാനങ്ങൾ കാണാം. നിരവധി നീർച്ചാലുകൾ അങ്ങു താഴ്വരയിലേക്കു പടർന്നു കിടക്കുന്നു, അവിടെ നിന്നും ചെറിയ അരുവികളായി അടുത്ത ഗ്രാമങ്ങളിലേക്ക് പോകുന്നതിന്റെ ശേഷിപ്പും. താഴേക്ക് നോക്കുമ്പോൾ കണ്ണുടക്കുന്ന ഒരു പ്രധാന കാഴ്ചയാണ് മലനിരകളുടെ ഒത്ത നടുക്കായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന പുരാതന കുടിലുകൾ.
ഹബലയിലെ Viewpoint നിന്നും പിന്നെ ഞങ്ങൾ പോയത് 16 കിലോമീറ്റർ അകലെയുള്ള തംനിയ (Tamniah) എന്ന ചെറുഗ്രാമത്തിലേക്കാണ്. പുരാതന ഗോത്രക്കാരുടെ പഴയകാല വീടുകളുടെ അവശിഷ്ടങ്ങൾ വഴിനീളെ കാണാൻ സാധിക്കും. കല്ലും കളിമണ്ണും മരക്കമ്പുകളും കൊണ്ടുള്ള പ്രത്യേക നിർമൃതി. ആ വീടുകളുടെ അകത്തളങ്ങൾ അതുപോലെ സംരക്ഷിച്ചിരിക്കുകയാണ് അവിടുള്ള മ്യൂസിയത്തിൽ (Tamniah Archaeological Museum).
പണ്ടുകാലത്തെ ഗോത്രക്കാരുടേതെന്നു കരുതുന്ന നിരവധി വസ്തുക്കളുടെ ഭേദപ്പെട്ട ശേഖരമുണ്ട് മ്യൂസിയത്തിനകത്ത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മുതൽ ആയുധങ്ങൾ വരെ. ഗൃഹോപകരണങ്ങളിലും വസ്ത്രങ്ങളിലും എല്ലാം മുഴച്ചുനിൽകുന്നത് മൃഗങ്ങളുടെ തോലുകളാണ്. ആ മുറികൾക്കകത്തെ അന്തരീക്ഷം കുറച്ചു സമയത്തേക്കെങ്കിലും നമ്മളെ നൂറ്റാണ്ടുകൾ പുറകോട്ടു കൊണ്ടുപോകും. സമയം ഉച്ച 12.30. മടക്കയാത്ര ആരംഭിക്കാനുള്ള സമയമായി. Google Map നോക്കുമ്പോൾ കൃത്യം 8 മണിക്കൂറുണ്ട് ജിദ്ദയിലേക്ക്. ഉച്ചഭക്ഷണം കഴിച്ചശേഷം അബഹ ചുരം ഇറങ്ങി തീരദേശ റോഡിലേക്ക് പ്രവേശിച്ചു. വീണ്ടും ചർച്ചകളുമായി നാലു മണിക്കൂർ ഇടവേളയില്ലാതെ യാത്ര.
മടക്കയാത്ര
സൂര്യൻ പടിഞ്ഞാറു ചാഞ്ഞുതുടങ്ങി. ഒട്ടകങ്ങളും ആടുകളും മറ്റു കാലികളും വരിവരിയായി കൂടണയുന്ന മനോഹരമായ കാഴ്ചയാണ് റോഡിനു ഇരുവശത്തും. കാലികളെയും, മേച്ചുനടക്കുന്ന ഇടയനെയും കണ്ടപ്പോൾ ബെന്യാമിൻറെ ഹൃദയസ്പർശിയായ ആട് ജീവിതമെന്ന നോവലാണ് മനസ്സിലേക്ക് വന്നത്. കാലികളെയും ഇടയനെയും അടുത്തുചെന്നു കാണാൻ, ഇത്തിരി നേരമെങ്കിലും ഒരു ഇടയനോടപ്പം ചിലവഴിക്കാൻ ഒരാഗ്രഹം. യാതൊരു മാറ്റവുമില്ലാത്ത, വലിയ പുരോഗതിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവരുടെ പതിവുദിനങ്ങൾ. അവരോടൊപ്പം കുറച്ചുനേരമിരുന്നു ഒരുപാടു കേട്ടുമറന്ന ആ കഷ്ടപ്പാടുകളുടെ കഥകൾ ഒരിക്കലെങ്കിലും അവരിൽനിന്നു നേരിട്ട് കേൾക്കുക. അങ്ങിനെ കുറച്ചുദൂരെ ഉള്ളോട്ടുമാറിയുള്ള ഒരു മസറയിലേക്കു വണ്ടി തിരിച്ചു (മസറ – ആടുമാടുകളെയടക്കം വളർത്തുന്ന കൃഷിയിടം, farm house).
മസറയുടെ തൊട്ടടുത്തുതന്നെ വണ്ടി നിർത്തി. മുന്നിൽത്തന്നെ കാണാം ഒന്നിലധികം ആലകൾ (കമ്പിവേലി കെട്ടിയുണ്ടാക്കിയ വലിയ ആട്ടിന്കൂട്). ആടുകൾ ചെറുസംഘങ്ങളായി വരിയായി തികഞ്ഞ അച്ചടക്കത്തോടെ ആലയിനകത്തേക്കു കയറുന്നുണ്ട്, ഇടയന്റെ നിയന്ത്രണമില്ലാതെ തന്നെ. ആലയിൽ നിന്ന് കുറച്ചുമാറിയുള്ള ഷെഡിനകത്തു ഞങ്ങളുടെ കണ്ണുകൾ അന്വേഷിച്ചയാളെ കണ്ടു. സുഡാനിയാണ്, ചെറുപ്പം, ഏകദേശം ഇരുപത്തിയഞ്ചു വയസ്സ് തോന്നിക്കും. ഒരു ആട്ടിൻകുഞ്ഞിനെ മടിയിലിരുത്തി താലോലിക്കുകയാണ്. പിന്നീട് അദ്ദേഹം പറഞ്ഞപ്പോളാണ് മനസ്സിലായത് ആ ആട്ടിൻകുഞ്ഞിനു ഒരു ദിവസ്സംപോലും പ്രായമായിട്ടില്ലെന്ന്. കഴിഞ്ഞ ദിവസ്സം തോട്ടംതൊഴിലാളിയായ ബംഗാളിയുടെ അതെ വാക്കുകളാണ് അവനും പറയാനുള്ളത്, “അവന്റെ കഫീൽ (സ്പോൺസർ) വന്നാൽ അവനു ചീത്തകേൾക്കും, ഞങ്ങളെ അങ്ങോട്ട് കയറ്റിയതിന്”.
ആലയിനകത്തേക്കു കയറില്ലെന്നും ഉടനെ മടങ്ങാമെന്നു പറഞ്ഞപ്പോൾ അവനു സമാധാനമായി. പിന്നെ ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും തരണമെന്നായി, ചായ ഉണ്ടാക്കി കൊണ്ടുവന്നു. അവന്റെ പേര് പറഞ്ഞു “മുസാഫർ”. പിന്നെ പതുക്കെ ലേശം കുശലാന്വേഷങ്ങൾ. അറിയാവുന്ന അറബി വാക്കുകളും പിന്നെ Google Translate ന്റെ സഹായവും കൊണ്ട് സംസാരം കുറച്ചുനേരം തുടർന്നു. സംസാരത്തിനിടയിൽ ഒരിക്കൽപോലും അവൻ്റെ ബുദ്ധിമുട്ടുകളെ കുറിച്ചോ ദാരിദ്ര്യത്തെ കുറിച്ചോ ഒരു വാക്കുപോലും കേട്ടില്ലന്നുമാത്രമല്ല, തികഞ്ഞ സന്തോഷത്തോടെയും കൗതുകത്തോടെയുമാണ് അവൻ ഞങ്ങളോട് സംസാരിച്ചത്. സന്തോഷേമെന്നാൽ സമ്പത്തോ ജീവിതസൗകര്യമോ ഒന്നുമല്ല അത് സ്വയം നിശ്ചയിക്കുന്ന ഒന്നാണെന്ന വലിയ തത്വം വളരെ ലളിതമായി അവന്റെ പെരുമാറ്റം ഞങ്ങളെ ഇരുത്തിപ്പഠിപ്പിച്ചു.
കുറച്ചു ഫോട്ടോസ് എടുക്കാനായിട്ട് ഞങ്ങൾ സംസാരം നിർത്തി എഴുന്നേറ്റു. എന്നാലും ഞങ്ങളുടെ ശ്രദ്ധ അവനിൽ തന്നെയായിരുന്നു. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചു, പതിവെന്നപോലെ അവൻ ഒരു കൂജയിൽ വെള്ളം കൊണ്ടുവന്നു വുളു എടുക്കാൻ തുടങ്ങി. മഗ്‌രിബ് നമസ്കാരം അവിടെവെച്ചു തന്നെ ആക്കാമെന്നു ഞങ്ങളും തീരുമാനിച്ചു. എല്ലാവരും നമസ്കാരത്തിന് തയ്യാറായി നിന്നു, ഇമാമിന്റെ സ്ഥാനം മുസഫറിനായി മാറ്റിവെച്ചിട്ട്. ആ സമയത്ത് നമസ്കാരം നയിക്കാൻ അവനെക്കാളും യോഗ്യനായ ഒരാളെയും മനസ്സിൽവരില്ല. നമസ്കാരം നിവ്വഹിച്ച്, ഒരുമിച്ചുനിന്നു ഒരു ഫോട്ടോയും എടുത്തശേഷം നന്ദി പറഞ്ഞു മടങ്ങാനൊരുങ്ങി.
എല്ലാം വളരെ പെട്ടന്നായിരുന്നു, ഒരു പഴഞ്ചൻ മോഡൽ Toyota Hilux ചീറിപ്പാഞ്ഞു വരുന്നുണ്ട്, അത് ഞങ്ങളുടെ അടുത്തെത്തി കഴിഞ്ഞു. പരമ്പരാഗത സൗദി വേഷത്തിലുള്ള ഒരാളാണ് വാഹനത്തിൽ, കൂടെ അയാളുടെ കുടുംബവും. എല്ലാവരുടെ മുഖത്തേക്കും പിന്നെ കാറിലേക്കും അയാൾ മാറിമാറി നോക്കുന്നുണ്ട്. അപ്പോഴേക്കും മുസാഫർ അയാളുടെ അടുത്തേക്ക് ഓടിയെത്തി. അയാൾ അറബിയിൽ ഗൗരവത്തിൽ അവനോട് സംസാരിക്കാൻ തുടങ്ങി. അവരുടെ സംഭാഷണത്തിൽനിന്നും അറിയാവുന്ന അറബി വാക്കുകൾ പെറുക്കിയെടുത്തപ്പോൾ ഒന്ന് മനസ്സിലായി, അതാണ് അവന്റെ കഫീൽ.
ചോദ്യങ്ങളെല്ലാം ഞങ്ങളെ കുറിച്ചാണ്. “എന്തിന് വന്നു? എപ്പോഴാണ് വന്നത്?”. ഒന്ന് ഞങ്ങൾ ഊഹിച്ചു, അവർ ഇങ്ങോട്ടേക്കായിട്ടു വന്നതല്ല, വേറെ വഴിക്ക് പോകുമ്പോൾ ഇങ്ങോട്ടേക്ക് കയറിയതാണ്. ഒരുപക്ഷെ പതിവില്ലാതെ കാറും കുറച്ചു ആളുകളെയും ദൂരെ നിന്ന് കണ്ടു കാണും. ഭാഗ്യത്തിന് അപ്പോഴേക്കും ഞങ്ങൾ പോകാൻ തയ്യാറെടുത്തു ക്യാമറ കാറിലേക്ക് എടുത്തു വെച്ചിരുന്നു. അല്ലെങ്കിൽ ഞങ്ങൾ ഏതെങ്കിലും media യുടെ ആളുകൾ ആണെന്ന് കരുതി കാര്യങ്ങൾ എല്ലാം ഒരു anticlimax-ൽ കലാശിച്ചേനെ എന്ന് പിന്നീട് അനുഭവസ്ഥർ ഞങ്ങളോട് പങ്കുവെച്ചു. എന്തായാലും ഞങ്ങളും മുസഫറിന്റെ കഫീലും തമ്മിൽ സംഭാഷണങ്ങൾ ഒന്നുമില്ലായിരുന്നു.
കാറിൽ കയറി യാത്ര തുടങ്ങിയെങ്കിലും എല്ലാവര്ക്കും ഒരു മൗനമായിരുന്നു. മുസാഫർ എന്ന ആ എളിയ യുവാവിൻറെ ജീവിതത്തോടുള്ള മനോഭാവം ഉണ്ടാക്കിയ സ്വാധീനം. പൊടിമണൽ വീശിയടിക്കുന്ന ചൂടേറിയ മണലാരിണ്യത്തിൽ നാല് ചുമരുപോലും ഇല്ലാത്ത കൂടാരത്തിൽ കഴിച്ചുകൂട്ടുന്ന ഒരു യുവാവിന് ഇത്രയ്ക്ക് ശാന്തതയോടെയും പുഞ്ചിരിയോടെയും ജീവിതത്തെ സമീപിക്കാൻ കഴിയുന്നതിന്റെ പുറകിലെ രഹസ്യമെന്തായിരിക്കും? ഒരുപക്ഷെ മരണത്തെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന കൊടുംപട്ടിണിയും, വട്ടമിട്ട് പറക്കുന്ന കഴുകന്മാരെയും ഇവിടെ കാണുന്നില്ലായിരിക്കാം. കാതടപ്പിക്കുന്ന വെടിയൊച്ചകൾ ഇല്ലാതെ ഉറങ്ങാനും ഉണരാനും പറ്റുന്നുണ്ടായിരിക്കാം. സ്നേഹിച്ചാൽ തിരിച്ചും തരുന്ന ചില ജീവനുകളെയിവിടെ ചുറ്റിലും കണ്ടിരിക്കാം. എന്തൊക്കെയായാലും മുടങ്ങാതെ പ്രാർത്ഥിക്കുന്ന മുസാഫറിന് ദൈവം അവന്റെ പ്രാർത്ഥനകളത്രയും സഫലമാക്കി കൊടുക്കട്ടെ.
അല്പനേരത്തേക്കാണെങ്കിലും വല്ലാത്ത ആഴമുണ്ടായിരുന്നു എല്ലാവരുടെയും ആ നിശ്ശബ്ദതക്ക്. ആഴത്തിൽ നിന്നും മുകൾപരപ്പിലേക്കു വരുന്തോറും നല്ലചിന്തകളായത് തെളിയുന്നുണ്ട്. എത്ര വരണ്ട മരുഭൂമിയാണെങ്കിലും മഴത്തുള്ളികൾ വീണാൽ ചിലതൊക്ക മുളച്ചു പൊങ്ങുമെന്നപോലെ. പക്ഷെ നല്ല ചിന്തകൾക്ക് പൊതുവെ അല്പായുസ്സാണ്. അവയെ വളർത്തി പാകതയെത്തിക്കാൻ ഇന്നലെ കണ്ടുമുട്ടിയ ആ തോട്ടക്കാരന്റെ ശ്രദ്ധയും താല്പര്യവും ഇന്ന് പരിചയപ്പെട്ട ഇടയന്റെ ക്ഷമയും മനസ്സും കൂടി വേണം. ഒപ്പം പ്രാർത്ഥനയുടെ പിൻബലം കൂടിയുണ്ടെങ്കിൽ എല്ലാം സഫലം, ഈ യാത്രയും.!





നന്നായി എഴുതിഎഴുത്ത് തുടരൂ..
LikeLike
Very nice and impressive… Waiting for next update…
LikeLike
Informational
LikeLike