തിരക്കേറിയ ഓഫീസ് ദിനങ്ങൾക്ക് താത്കാലിക ശമനമായി വീണ്ടുമൊരു വെള്ളിയാഴ്ച, weekend. നേരം പുലരുന്നേയുള്ളു. ഒഴിവുദിവസം നേരത്തെ ഉണരുകയെന്നത് കുട്ടികാലംതൊട്ടെ നല്ല താല്പര്യമുള്ള കാര്യമാണ്. എന്താണെന്നറിയില്ല അന്നേദിവസം കണ്ണും മെയ്യും കിടക്കയിൽനിന്നു എളുപ്പത്തിൽ വേറിടും. നീണ്ട ഉറക്കത്തിനു ഒഴിവുദിവസത്തെ മുഴുവനായിട്ടങ്ങു വിഴുങ്ങാൻ കൊടുക്കാനൊരു മടി. അല്ലെങ്കിലും ഉണരുന്നതിലെ ഉന്മേഷം ആസ്വദിക്കാനുള്ള ഇടവേളയല്ലേ ഉറക്കം, ഉന്മേഷത്തിന് ഉഷസ്സിനോളം പോന്ന കൂട്ട് വേറെയില്ലതാനും, കൂടെ ഒരു കപ്പ് ചായയും.
ഒറ്റയ്ക്കാവുമ്പോഴുള്ള പതിവുപോലെ ഒരു പുസ്‌തകവും കയ്യിലെടുത്തു കാറുമായി പുറത്തിറിങ്ങി. പരിക്കുകൾ കാരണം കുറച്ചുനാളായി sports ഒന്നുമില്ല. എന്നാലും വെള്ളിയാഴ്ച രാവിലെയാകുമ്പോൾ ഗ്രൗണ്ടിൽ പോയി കുറച്ചു ക്രിക്കറ്റ് കണ്ടില്ലേൽ എന്തോ ഒരു missing.. ഗ്രൗണ്ടിൽ പോവുക, ഗ്രൗണ്ടിനടുത്തു കാർ നിർത്തുക, കിറുക്കന്മാരുടെ കളിയും കാണാം, ലേശം വായനയുമാവാം. പിന്നെ free ആയിട്ടു ഇത്തിരി Vitamin-D യും.
ഒഴിഞ്ഞ റോഡിലൂടെയാണ് പോക്ക്, week days ലെ ഇഴഞ്ഞുപോക്കിന് പ്രതികാരമെന്നോണം ഇച്ചിരി speed അറിയാതെ കൂടുന്നുണ്ട്. എന്നാലും വെള്ളിയാഴ്ച പ്രത്യേക speed camera ഉണ്ടെന്ന് അറിയാമെന്നതിനാൽ ഒരു കണ്ണ് സ്പീഡിലുമുണ്ട്. കുറച്ചുദൂരം പോയശേഷം അരികിൽ കണ്ട ബൂഫിയ(ചായക്കട) ലക്ഷ്യമാക്കി സൈഡിലേക്ക് തിരിച്ചു. കടയുടെ മുൻപിൽ കാർ നിറുത്തി, അകത്തോട്ടു ചെന്നു. മലയാളിയുടേതാണ് കട. സലാം ചൊല്ലി ഒരു പൊടിച്ചായക്ക് പറഞ്ഞു. “ചായക്ക് എത്രെയാ? ” എന്റെ ചോദ്യം കേട്ട കടക്കാരൻ എന്റെ മുഖത്തോട്ടൊന്നു നോക്കി. ആ നോട്ടത്തിലെ ചോദ്യം എനിക്ക് ഊഹിക്കാം, “കാറിൽ വന്നിറങ്ങിയ ഇവനാണോ ചായക്ക് ഒരു റിയാൽ അല്ലെങ്കിൽ ഒന്നര റിയാൽ എന്നറിയാനിത്ര ബേജാർ?”. സത്യം പറഞ്ഞാൽ ആ ചോദ്യം മനഃപൂർവ്വമല്ലായിരുന്നു, അറിയാതെ നാവിൽ വന്നുപോയതാണ്. അതിന്റെ പുറകിൽ ഒരു കഥയുണ്ട്, അല്ല ഒരനുഭവം.
ഏകദേശം രണ്ട് മാസം മുൻപാണ്. വൈകിട്ട് ഞാൻ എന്റെ ഫ്ലാറ്റിനടുത്തെ സ്ട്രീറ്റിലൂടെ ധൃതിയിൽ നടന്നു വരികയാണ്. എതിരിൽ, റോഡിൻറെ മറുവശത്തിൽകൂടി ഒരാൾ നടന്നു വരുന്നുണ്ട്. ആകെ അഴുക്കുപിടിച്ചു, ക്ഷീണിച്ചു. വേഷത്തിൽ നിന്നറിയാം പാകിസ്താനിയാണ്, പുറംജോലി കഴിഞ്ഞിട്ടുള്ള വരവാണ്. എന്റെ അടുത്തേക്ക് വന്നിട്ട് അയാൾ ചോദിച്ചു, “ഇവിടെ അടുത്ത് ബൂഫിയ വല്ലതുമുണ്ടോ, ചായ കിട്ടിയാൽ മതി.” എനിക്കറിയാവുന്ന അടുത്തുള്ള ബൂഫിയയിലേക്കുള്ള വഴി ഞാൻ പറഞ്ഞുകൊടുത്തു, അത് കഷ്ടിച്ച് ഒരു 100 മീറ്റർ അകെലയാണ്. അയാളും ഞാനും ഇരുദിശയിൽ നടത്തം തുടർന്നു.
ഉടനെ വീണ്ടും അയാൾ പുറകിൽ നിന്ന് വിളിച്ചു, എന്തോ ചോദിക്കാനായി അടുത്തോട്ടു വന്നു, “ആ ബൂഫിയയിൽ ചായക്ക് എന്താ വില? ഒന്നോ അതോ ഒന്നര റിയാലോ?” ധൃതിയിൽ പോകുന്നയെന്നെ വീണ്ടും വിളിച്ചുനിർത്തിയത് ഇതിനായിരുന്നോ? ആ ചോദ്യത്തിലെ എന്റെ അനിഷ്ടം സ്വാഭാവികമായും മുഖത്തുവന്നു. അതയാൾക്ക് മനസ്സിലായെന്നപോലെ, “കുറച്ചകലെയുള്ള ബൂഫിയയിൽ ഒരു റിയാൽ ഉള്ളൂ, പക്ഷെ ഏകദേശം അരക്കിലോമീറ്ററിനു മേലെ നടക്കണം. നിങ്ങൾ പറഞ്ഞ കട മദിന റോഡിൽ ആകുമ്പോൾ ഒന്നര റിയാൽ ആവാൻ സാധ്യതയുണ്ട്.” ആത്മഗതം പറഞ്ഞു എന്റെ മറുപടി പ്രതീക്ഷിക്കാതെ അയാൾ തിരിഞ്ഞു നടന്നു, അരക്കിലോമീറ്റർ അകലെയുള്ള ബൂഫിയ ലക്ഷ്യമാക്കി.
തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും എന്റെ ധൃതിയെല്ലാം പൊടുന്നനെ എങ്ങോ മാഞ്ഞപോലെ. ചായയുടെ വിലയെത്ര എന്ന ചോദ്യത്തിലാണ് എന്റെ നിൽപ്പ്, കാരണം ഞാൻ ഇന്നലെയും അവിടെനിന്ന് ചായയും sandwich-ഉം കഴിച്ചതാണ്. ബൂഫിയയിൽ വലിയ തുക വരില്ലെന്ന് അറിയാവുന്നത് കൊണ്ട്, ബില്ല് എത്രയെന്നു ചോദിച്ചിട്ടു കൊടുത്തിട്ടു പോവുക, അത്ര തന്നെ. അര-റിയാൽ മിച്ചംവെക്കാൻ വേണ്ടി അരകിലോമീറ്റർ അധികം നടക്കുന്നവരും ചുറ്റിലുമുണ്ട്. ഇതൊരു പുതിയ അറിവൊന്നുമല്ലായിരിക്കാം, പക്ഷെ തിരിച്ചറിവ്.. വേണമോ വേണ്ടയൊ എന്നുവിചാരിച്ചു ദിവസേന നാം കുടിച്ചുകളയുന്ന ചായക്കുണ്ടോ വല്ല കണക്കും.
ചില തിരിച്ചറിവുകൾ നമ്മെ വല്ലാതെ ഇരുത്തിക്കളയും. നമ്മുടെ കീശയിലെ കാശിന്റെ വിലയറിയണമെങ്കിൽ നമ്മെക്കാൾ കുറഞ്ഞ ചുറ്റുപാടിലുള്ളവരിലേക്ക് നോക്കണം, താനെ അതിന്റെ മൂല്യം വർധിക്കുന്നത് കാണാം.
ഇങ്ങനെയൊരനുഭവം ഉള്ളിൽ മായാതെ കിടക്കുന്നതിനാലാകണം അതെ ചോദ്യം ഞാൻ ഇന്ന് ഈ ബൂഫിയക്കാരനോട് ചോദിച്ചത്. എന്തായാലും അന്ന് ചായയുടെ വില ചോദിച്ച ആ പാകിസ്താനിയോട് എനിക്ക് തോന്നിയ മതിപ്പ് ഇവിടെ ഈ ബൂഫിയക്കാരന് എന്നോടുണ്ടാകാൻ ഒട്ടും സാധ്യതയില്ല. അങ്ങനെയാണല്ലോ നമ്മുടെയൊക്കെ ഒരോ പരിഷ്കാരങ്ങൾ.
സിഗ്നലിലെ കാഴ്ച
ചായയും വാങ്ങി കാറിൽ കയറി മുന്നോട്ട് നീങ്ങി. സിഗ്നലിൽ കാത്തുനിക്കെയാണ് റോഡരികിൽ വൃത്തിയാക്കാൻ നിക്കുന്ന ബലദിയ (municipality) തൊഴിലാളിയെ ശ്രദ്ധിച്ചത്. ബംഗാളിയാണ്. സിഗ്നൽ ചുറ്റിപ്പറ്റിയുള്ള ആ നിൽപ്പ് കണ്ടാലറിയാം അത് ക്ലീനിങ്ങിനുള്ള നിൽപ്പല്ല, പിരിക്കാനുള്ളതാണ്. എന്തേലും കൊടുക്കണമെന്ന് കരുതിയാലും ഈ കാട്ടിക്കൂട്ടൽ കാണുമ്പോൾ കാശ് തിരിച്ചു കീശയിലേക്ക് തന്നെ വെക്കും. ഒരു പക്ഷെ നമ്മുടെയൊക്കെ മനസ്സ് ഒന്നുകൂടെ വിശാലമായാൽ തീരാവുന്ന പ്രശ്നമേയുള്ളു. എന്തായാലും കൊടുക്കാൻ വിചാരിച്ച കാശ് ജോലിയിൽ മുഴുകിയിരിക്കുന്നൊരാൾക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു മുന്നോട്ട് നീങ്ങി.
ഒന്ന് രണ്ടു സ്ട്രീറ്റ് കഴിഞ്ഞപ്പോൾ അന്വേഷിച്ചയാളെ കണ്ടു. മധ്യവയസ്കനാണ്, കയ്യിൽ നീളത്തിലുള്ളൊരു അടിച്ചുവാരിയുണ്ട്, കൂടെയൊരു ചെറിയ വീപ്പയും. ചപ്പുചവറുകൾ അടിച്ചുകൂട്ടുകയാണ്. ഞാൻ കാർ നിർത്തി, അയാൾ എന്നെയും ശ്രദ്ധിക്കാൻ തുടങ്ങി. പതുക്കെ എന്റെയടുത്തോട്ടു വന്നു, എന്നിട്ട് കയ്യിലുള്ള വീപ്പ door ന്റെ അടുത്തേക്ക് നീക്കിത്തന്നു. ഒരു പക്ഷെ ഞാൻ കയ്യിലെ ചായ ഗ്ലാസ് താഴെയിടുമെന്ന് തോന്നിക്കാണും. ഗ്ലാസ്സ് ഞാൻ വീപ്പയിലേക്ക് ഇട്ടതും അയാൾ നടന്നു നീങ്ങി, ഞാൻ സംശയിച്ചപോലെ ഒരു പിരിവിനുള്ള ഉപായമല്ലായിരുന്നു. സന്തോഷം, അടുത്ത് ചെന്ന് ഒരു തുക കയ്യിൽ വെച്ചുകൊടുത്തു. എന്നോട് വലിയ നന്ദിയോ മറ്റു ഭംഗിവാക്കുകളോ ഒന്നുമില്ലായിരുന്നു. പക്ഷെ മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറഞ്ഞെത് വ്യക്തം. ഒരുപക്ഷെ എനിക്ക് കൂടി വേണ്ടിയായിരിക്കണം ആ പ്രാർത്ഥന.
ഗ്രൗണ്ടിലേക്ക്
കാറിൽ കയറി മുന്നോട്ട് നീങ്ങി. തഹ്‌ലിയ റോഡിലെ കൂട്ടുകാർ കളിക്കുന്ന ഗ്രൗണ്ടിലേക്കാണ് യാത്ര ഉദ്ദേശിച്ചെങ്കിലും ഇപ്പോൾ കിലോമീറ്ററുകൾ കുറച്ചധികം മുന്നോട്ട് പോയിരിക്കുന്നു. വലതുവശത്തു വിശാലമായ ഒരു ഗ്രൗണ്ട്, കാർ പാർക്ക് ചെയ്യാൻ തണലും കാണുന്നുണ്ട്. എന്നാലിന്നിനി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിട്ടു പോയേക്കാം. വണ്ടി അങ്ങോട്ട് തിരിച്ചു.
ക്രിക്കറ്റിന്റെ ആവേശം ദൂരെനിന്നേ അറിയാനുണ്ട്, പാകിസ്താനികളാണ്. tapped soft tennis ball കൊണ്ടാണ് കളി. പാകിസ്ഥാനികളുടെ തന്നെയൊരു കണ്ടുപിടുത്തമാണ് ഈ tapped ball cricket. കളിക്കാൻ യോജിച്ച ഗ്രൗണ്ടാകണമെന്നില്ല കിട്ടുന്നത്, ഒരു പക്ഷെ tar road അല്ലെങ്കിൽ മണലോ പുല്ലോ നിറഞ്ഞ സ്ഥലം. ഈ സാഹചര്യത്തിൽ practical ആയിട്ടുള്ള ഒരു രീതിയാണീ കണ്ടുപിടുത്തം. കളിക്കാൻ കനംകുറഞ്ഞ സാദാ ബാറ്റ് മതിയാകുമെന്നതിനാൽ ചുരുങ്ങിയ ചിലവിൽ കളി നടക്കും. soft tennis ball നു ഭാരം തീരെയില്ലാത്തതിനാൽ എത്ര ശക്തി സംഭരിച്ചെറിഞ്ഞാലും speed കിട്ടില്ലെന്നു മാത്രമല്ല എല്ലാം പാറിപ്പറന്ന് out of pitch ആയിരിക്കും. Insulation tape ചുറ്റുമ്പോൾ പന്തിനു കുറച്ചു ഭാരം കൂടുമെന്നതിനാൽ മെച്ചപ്പെട്ട ബൗൺസും വേഗതയും കിട്ടും, അതാണ് അതിന്റെയൊരു technology.
ഗ്രൗണ്ടിനരികിലേക്ക് കാർ നിർത്തി. പുസ്‌തകം തുറന്നു, കാറിലിരുന്നു കുറച്ചു നേരം വായന, ഇടയ്ക്കിടെ കണ്ണ് ഗ്രൗണ്ടിലേക്കും. കുറച്ചു ആളുകൾ അവിടെ മതിലിനരികിൽ ഇരിക്കുന്നുണ്ട്, ബാറ്റിംഗ് ടീം ആയിരിക്കണം. window glass പൊക്കിയതുകൊണ്ട് അവരുടെ സംഭാഷണമൊന്നും കേൾക്കുന്നില്ല. അതുകൊണ്ടാവണം എന്റെ ശ്രദ്ധ മുഴുവൻ അവരുടെ ശരീരഭാഷയിലേക്കായത്.
കുറച്ചുപേർ ശ്വാസം അടക്കിപ്പിടിച്ചു കളി വീക്ഷിക്കുന്നു, ഇടയ്ക്കിടെ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓരോന്ന് വിളിച്ചു പറയുന്നുണ്ട്. വേറെ കുറച്ചുപേർ മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു, വലിയ ആവേശമൊന്നും കാണുന്നില്ല, ഒരുപക്ഷെ ആദ്യം ബാറ്റ് ചെയ്ത് out ആയവരായിക്കും. പിന്നെയൊരാൾ സാധാരണ മട്ടിൽ തികഞ്ഞ ആത്മാർത്ഥതയോടെ score എഴുതിക്കൊണ്ടിരിക്കുന്നു. അതിനടുത്തു മറ്റൊരാൾ ടെന്നീസ് ബോൾ എടുത്തു insulation tape ചുറ്റുന്ന ജോലിയിലാണ്. വളരെ ശ്രദ്ധയോടെ പരമാവധി മുറുക്കിയാണ് ball tapping. അധികനേരം അതിലേക്കുതന്നെ അറിയാതെ നോക്കിനിന്നു.
കണ്ണിൽനിന്നും കാഴ്ച പതുക്കെ ചിന്തയിലേക്ക് വേരിറങ്ങുന്നപോലെ. ആ tape ഒന്ന് കിട്ടിയിരുന്നേൽ, കേവലമായൊഴുകുന്ന മനസ്സിനും ചിന്തകൾക്കും മീതേ കൂടിയൊരു tape ഇടാമായിരുന്നു. ചിന്തകൾ, കെട്ടഴിച്ചുവിട്ടകണക്കെയാണ് ചിലപ്പോളതിന്റെ സഞ്ചാരം. നിരർത്ഥവും അവ്യക്തവുമായ ആത്മാവിന്റെ മനോയാനത്തെ ഭേദിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്. ഇശ്വരചിന്ത തന്നെയായിരിക്കുമിതിൽ പടപൊരുതി വിജയംവരിച്ച ഏകൻ, യുഗങ്ങൾ സാക്ഷി.
ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രാരാബ്ധങ്ങളും നൽകുന്ന ഭാരങ്ങൾ, അവയില്ലെങ്കിൽ നമ്മുടെ പതിവ് ദിനങ്ങൾക്കും tape ചെയ്യാത്ത ബോളിന്റെ അവസ്ഥയായിരിക്കും, എങ്ങാണ്ടൊക്കെ പാറിപ്പറന്ന്, സർവ്വത്ര out of pitch.. ഒപ്പം പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും പ്രതീക്ഷകളും കാത്തിരിപ്പും കൂടിയാകുമ്പോൾ ദിനങ്ങൾക്ക് ദിശാബോധം കൈവരുന്നു. ചൈതന്യം കൈവരുന്നു. അഴകേറുന്നു. എല്ലാ ഭാരങ്ങൾക്കും നന്ദി. കാത്തിരിപ്പുകൾക്കെല്ലാം കടപ്പെട്ടിരിക്കുന്നു. സംഭവിക്കുന്നെതെല്ലാം നല്ലതിന്.
സമയം 9 മണി കഴിഞ്ഞു, വെയില് തെളിഞ്ഞു തുടങ്ങി, ഒപ്പം ചിന്തകളും. ഇന്ന് കണ്ടകാഴ്ചകൾ, നീണ്ടൊഴിഞ്ഞ റോഡിൽ, ബൂഫിയയിൽ, സിഗ്നലിൽ പിന്നെ ഗ്രൗണ്ടിൽ. ഒന്നും പുതിയതല്ല. എല്ലാം സർവ്വസാധാരണം. പക്ഷെ ഒന്നും ദിവസേന മനസ്സിൽ പതിയാറില്ലെന്ന് മാത്രം.
ഏറെ അസ്വസ്ഥമാണ് ഈയിടെയായി നമ്മുടെയെല്ലാം മനസ്സ്. എങ്ങും നോവേറിയ വാർത്തകൾ, പൊള്ളയായ പ്രതികരണങ്ങൾ, നാഥനില്ലാതെ നീതികൾ, ഇരയായി പൈതലുകൾ. കിട്ടാക്കനിയായി പരിവർത്തനത്തിന്റെ മാറ്റൊലികൾ. കാഴ്ചകൾ മങ്ങുന്നത് സ്വാഭാവികം. ഭയപ്പെടേണ്ട, ഈ അസ്വസ്ഥകളൊരു അസുഖമല്ല, ഇനിയും മരിച്ചിട്ടില്ലാത്ത മനസ്സാക്ഷിയുടെ നേരിയ സ്പന്ദനങ്ങൾ. അതിനെ അതിന്റെ വഴിക്കു വെറുതെ വിട്ടാൽ സ്വാഭാവിക മരണം വരിച്ചോളും. പുതുജീവനേകാനാണ് കടമ്പകളേറെ.
കലുഷിത മനസ്സിനെ ശാന്തമാക്കാൻ പ്രഭാതസവാരി ഒരു നല്ല ഔഷധമാണ്. കൈകൾവീശി, കൺതുറന്ന് കാഴ്ചകളൊക്കെ കണ്ട്, ശുദ്ധവായുവും ശ്വസിച്ച് ഒരു ചെറുനടത്തം. ഒപ്പമൊരു നല്ലകാര്യം കൂടി ചെയ്യാൻ പറ്റിയാൽ ശാന്തതയ്‌ക്കൊപ്പം സ്വല്പം കുളിർമയും നേടാം.
മാനസിക സംഘർഷങ്ങളിൽ മനുഷ്യന്റെ ലക്ഷ്യങ്ങളിൽ ഇരുളുവീഴുന്നു. ലക്ഷ്യം മായുമ്പോൾ കൺമുൻപിൽ തെളിയുന്നതത്രയും തടസ്സങ്ങൾ, എല്ലാത്തിലും തട്ടിത്തടഞ്ഞു മനസ്സ്. മനസ്സ് ശാന്തമാവുമ്പോൾ കാഴ്ചകൾ താനെ തെളിയും. വർഷമായ് അതിലെ വിശേഷങ്ങൾ ചിന്തകളിൽ പെയ്‌തിറങ്ങും. ശാന്തത കൈവരാൻ ആമാശയത്തിനൊപ്പം ആത്മാവിനെയും ഊട്ടാൻ ശീലിക്കണം. ക്ഷമയും സത്യവും കൈക്കൊള്ളുക, അതുകൊണ്ട് പരസ്പരം ഉപദേശിക്കുക. പുഞ്ചിരിക്കുക, നഷ്ടമൊന്നും കൂടാതെ എത്രവേണേലും കൊടുക്കാവുന്ന ദാനമല്ലോ പുഞ്ചിരി. തെളിയട്ടെ മനസ്സുകൾ, പുലരിയിലെ തെളിനീരിലെന്നപോൽ, മനുഷ്യർക്ക് പരസ്പരം കണ്ണാടിനോക്കുമാറത് തെളിയട്ടെ.!

