കാലവും കോവിഡും

ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്‌, ഹേമന്തം.. പ്രകൃതിയുടെ വരദാനമായി ഹർഷഭാരതത്തിലെ ഈരണ്ടു മാസം വീതം നീണ്ടുനിൽക്കുന്ന ആറു ഋതുക്കൾ. ഇടവിടാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ വിസ്മയ വ്യവസ്ഥിതി. ഇതിൽ വർഷകാലം നമ്മുടെ കേരളക്കരയിൽ എത്തുമ്പോൾ ഇടവപ്പാതിയായും തുലാവർഷമായും ഇരട്ടിമധുരമാകും. എന്നാൽ ഈ ഇരട്ടിമധുരം കഴിഞ്ഞ രണ്ട് വർഷമായി സ്വല്പ്പം കയ്പേകുന്നുണ്ട് മലയാളിക്ക്. കുറ്റം കാലത്തിന്റെയല്ല, പ്രകൃതിയോടുള്ള നമ്മുടെ കയ്യേറ്റവും കൈകടത്തലും ഇത്തിരി കൂടിപ്പോയി, കരുതലുകൾ ഇല്ലാതെയായി. ഇവയ്‌ക്കെല്ലാം മീതെ ഇന്നിതാ ഒരു പുതിയ കാലവും കൂടി ചേർത്തപ്പെട്ടിരിക്കുന്നു, കോവിഡ് കാലം.

കോവിഡ്-19, സാങ്കേതികതയുടെ ഹിമാലയം കയറി നിൽക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഔചിത്യമൊന്നുമില്ലാതെ വിശാലമായൊരു രംഗപ്രവേശനം. ജാതിയും മതവും നിറവും വേഷവും ഭാഷയും ദേശവും കൊണ്ട് മനുഷ്യൻ പല തുണ്ടുകളാക്കിയതിനെയെല്ലാം അത് ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് നിരപ്പാക്കി. ശരാശരി ഡിസംബറിൽ ആരംഭിക്കുന്ന ശിശിരം ആശങ്കയോടെ അതിനെ നോക്കിനിന്നപ്പോൾ, വസന്തത്തെ അത് പാടെ മൂടിക്കളഞ്ഞു. ചുട്ടുപഴുപ്പിക്കുന്ന ഗ്രീഷ്മവും അതിൽ വാടിപ്പോയി. കോവിഡിനും പ്രളയഭീതിക്കുമിടയിൽ നിസ്സഹായകനായി പെയ്യാൻ മടിച്ചു നിൽക്കുന്നു വർഷം. ഇനിയും ബാക്കിയുണ്ട് രണ്ടുപേർ, ശരത്ക്കാലവും ഹേമന്തവും, പ്രതീക്ഷയുടെ നൂൽനിഴലിൽ മറഞ്ഞിരിക്കട്ടെ അവർ.

കോവിഡ് കാലം

ചിലരുടെ കാര്യത്തിൽ കെട്ട്യോൾക്കും കുടുംബക്കാർക്കും കരക്കാർക്കും കോടതിക്കും വരെ സാധിക്കാത്തത് കോവിഡിന് നിഷ്പ്രയാസം സാധിച്ചു എന്നുപറയാം, എല്ലാവരെയും പ്രായഭേദമന്യേ കൂരയിൽ കയറ്റി സകുടുംബത്തിൽ അടച്ചിട്ടു, മര്യാദ രാമന്മാരായി. അങ്ങിനെ കാലങ്ങളായി മനസ്സിന്റെ ഉത്തരത്തിലിരുന്നിരുന്ന മലയാളിയുടെ ഗൃഹാതുരത്വത്തിന് ഇന്ന് അനിവാര്യമായ ഒരു പടിയിറക്കം. ചക്കയെ കശാപ്പുചെയ്തും, കറിക്കൂട്ടുകൾ അമ്മിയിൽ അരച്ചും, ഓലയും മടലും പെറുക്കിയും, ചുള്ളിയും കമ്പും ലുഡോയും കളിച്ചും ഓരോന്നായി പൊടിതട്ടി എടുക്കുന്നു. ഉള്ളിൽ ചിതലരിക്കാതെ ഇനിയും ചിലതുകളുണ്ടെന്നു കോവിഡ് മലയാളിയെ പതിയെ ബോധ്യപ്പെടുത്തുന്നു.

കിട്ടിയതിലെല്ലാം കളിപ്പാട്ടവും കരകൗശലവും കണ്ടെത്തി നീണ്ട അവധി ആഘോഷിക്കുകയാണ് കുട്ടികൾ. ആധാരങ്ങളും പ്രമാണങ്ങളും പല ആവർത്തി വായിച്ചു തീർത്തു കാരണവന്മാർ. ടിക്‌ടോക്കിൽ അരങ്ങു തകർക്കുകയാണ് ന്യൂജനറേഷൻ, ഏതുവിധേനയും വൈറലാക്കി വൈറസിനെ തുരത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കാണ്. ആര് വിരുന്നു വന്നാലും വീട്ടിലെ കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന കീഴ്വവണക്കത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല, കൊറോണയോടും ആ ആദിത്യമര്യാദ മലയാളി കാണിക്കുന്നുണ്ട്. കോഴിയെ കുഴിച്ചിട്ടും കമ്പിൽകുത്തിയും ബക്കറ്റിലാക്കിയുമെല്ലാം ചുട്ടെടുത്തും പറപ്പിച്ചും സൽക്കാരം തകർക്കുകയാണ്.

വർത്തമാന കാലം

ഒരുപക്ഷെ തികഞ്ഞ മലയാളിത്തത്തോടെ ഗൃഹാതുരത്വം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച തലമുറകളുടെ വാലറ്റമാകും നമ്മൊളൊക്കെ. ഇനിയുള്ള തലമുറയുടെ ഗൃഹാതുരത്വത്തിന് മിക്കവാറും ഒരു ബംഗാളി ചുവയായിരിക്കും. അത്രമേൽ അടിയറവ്‌ പറഞ്ഞിരിക്കുന്നു നമ്മൾ. കൃഷിയും തെങ്ങു കയറ്റവും പുറംജോലികളും കരാർജോലികളും എല്ലാത്തിനും പുറമെ ജാഥ നടത്താനും ചുണ്ടൻ തുഴയാനും വരെ ബംഗാളികൾ. ബംഗാളികൾ എന്ന് പറയുമ്പോൾ എല്ലാവരും വെസ്റ്റ് ബംഗാളിൽ നിന്നാണെന്ന് തെറ്റിദ്ധരിക്കരുത്. അതിന്നൊരു വിളിപ്പേരായി മാറിയിരിക്കുന്നു. ആസാം, ബീഹാർ, ജാർഖണ്ഡ്, യുപി തുടങ്ങി എന്നുവേണ്ട ഹിന്ദി സംസാരിക്കുന്ന എല്ലാ ഇടത്തരം തൊഴിലാളികളും മലയാളിക്ക് ബംഗാളികളാണ്. വിശാലഹൃദയരായ യഥാർത്ഥ ബംഗാളികൾ നമ്മളോട് ക്ഷമിക്കട്ടെ.

ഇന്നിതാ പഴങ്ങളും പച്ചക്കറികളും അന്വേഷിച്ചു നമ്മൾ വീണ്ടും പറമ്പിലേക്ക് ഇറങ്ങിയിരിക്കുന്നു, നമ്മളവിടെ യാതൊന്നും വിതച്ചട്ടില്ല, എന്നാലും താനേ മുളച്ചു കായ്ക്കുന്ന സവിശേഷഗുണമുണ്ടല്ലോ നമ്മുടെ മണ്ണിന്. പക്ഷെ അവിടെയും മലയാളിക്ക് നിരാശയാണ് ഫലം, കാണാൻ കഴിഞ്ഞതത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇനിയൊന്ന് കൃഷിചെയ്യാമെന്ന് കരുതിയാലോ, ഇനിയൊരു വിത്തിനെ ഗർഭം ധരിക്കാൻ കഴിയാത്തവിധം ദുർബല ആക്കിയിരിക്കുന്നു മണ്ണിനെയാ പ്ലാസ്റ്റിക് മാലിന്യങ്ങൾ.

വിളവെടുപ്പ് കാലം

ഓരോ കാലത്തും പ്രകൃതി ചില സവിശേഷ വിഭവങ്ങൾ മണ്ണിൽ പാകമാക്കുന്നു. ഗ്രീഷ്മത്തിൽ ചുട്ടുപൊള്ളുമ്പോഴും പ്രകൃതി നമുക്ക് മാങ്ങയും കശുമാങ്ങയും ചക്കയുമെല്ലാം സമ്മാനിക്കുന്ന പോലെ. ഓരോ കാലവും ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാൻ സകല ജീവജാലങ്ങളെയും അതുവഴി പ്രാപ്തമാക്കുന്നുവെന്ന് പൂർവ്വികശാസ്ത്രം. ആധുനിക ശാസ്ത്രവും ഇതിനോട് ചേർന്ന് നിൽക്കുന്നു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക ആരോഗ്യ സംഘടനയുടെ ചില നിർദ്ദേശങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കാം, “രോഗബാധിരരായ 80% പേരിലും സ്ഥിതി ഗുരുതരമല്ല, ധാരാളം പഴവും പച്ചക്കറികളും കഴിച്ചു വിശ്രമിക്കുക, ശരീരം സ്വയമതിനെ അതിജീവിക്കും”.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിൽ ആഹാരശീലങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്. കോവിഡ് കാലവും അതിൽ അടിവരയിടുന്നു.

അല്ലെങ്കിലും നമ്മൾ മലയാളികൾ ഏതു ഭൂഖണ്ഡത്തിലേക്ക് പോയാലും 365 ദിവസ്സവും കഴിക്കാനുള്ള അരി മുതൽ അച്ചാർ വരെയുള്ള സാധനക്കെട്ട് ഉണ്ടാകും കൂടെ. ഇനി തിരിച്ചിവിടെ വന്നാലോ, നാടൻ ഭക്ഷണമൊക്കെ നാമമാത്രം. പിന്നെയങ്ങോട്ട് ചൈനീസ്, അറേബ്യൻ, തുർക്കിഷ്, ഇറ്റാലിയൻ.. എന്ത് ഭക്ഷണവും ഏത് കാലത്തും ലഭ്യമാക്കുന്ന frozen ഉപയോഗം അത്യാവശ്യ സാഹചര്യങ്ങളിൽ പോരെ? അല്ലെങ്കിലും കാലമാകുന്നതുവരെ കാത്തിരുന്ന് കഴിക്കുന്നതിന് സ്വാദ് കൂടും. ഇതൊക്കെ നമ്മൾ സായിപ്പിനെ കണ്ടു പഠിക്കണം. തോളിൽ ഒരു നീണ്ട ബാഗുമായി കൈവീശിയാണ് വരവ്. Traditional food, Seasonal food എന്നിവ അന്വേഷിച്ചു വാങ്ങി കഴിക്കും, നമ്മൾ എരിവ് ഇത്തിരി കുറച്ച് ഒരു സ്പൂണും വെച്ച് കൊടുത്താൽ മതി.

മേല്പറഞ്ഞതെല്ലാം മലയാളിയുടെ മാറി ചിന്തിക്കേണ്ട ചില ന്യൂനപക്ഷമായ പരിഷ്‌കാരങ്ങൾ മാത്രം. അപ്പുറത്ത് ഭൂരിപക്ഷ സത്വം ലോകത്തിനാകെ മാതൃകയായി ഈ കോവിഡ് കാലത്തും നെഞ്ചുവിരിച്ചു തല ഉയർത്തി നിൽക്കുന്നു. ആരോഗ്യരംഗത്തും ആതുരസേവനരംഗത്തും കൈവരിച്ച നേട്ടങ്ങൾ മാതൃകാപരം. കോവിഡിലെ പാണനും ആ അഭിവൃദ്ധിയുടെ തുയിലുണർത്ത് പാട്ട് ലോകത്തിന്റെ സകല കോണിലേക്കും ദിനേന എത്തിച്ചുകൊണ്ടേയിരിക്കുന്നു.

പോയ കാലം

ഗൃഹാതുരത്വം അഥവാ ഗതകാലസുഖസ്‌മരണ, പേരിലെന്നപോലെ പഴയകാലത്തെ കുറിച്ചുള്ള സുഖമുള്ള ഒരു അയവിറക്കം. നിന്നനില്പിൽ ദശവർഷങ്ങൾ പുറകിലേക്ക് അത് നമ്മെ തള്ളിയിടും. സുഖമുള്ള വീഴ്ച. അതുകൊണ്ടു തന്നെ സൂക്ഷിക്കണം, എഴുന്നേൽക്കാൻ അനുവദിക്കാതെ മനസ്സവിടെത്തന്നെ വീണുകിടക്കും. ആ വീഴ്ചയിൽ എവിടെയൊക്കെ തട്ടിപിടഞ്ഞാലും ഒടുക്കം വീണുകിടക്കുന്നത് കുട്ടിക്കാലത്തു തന്നെയായിരിക്കും.

ശൈശവം, ചെടികളോടും പൂക്കളോടും പക്ഷികളോടും സകലചരാചരങ്ങളോടും മിണ്ടിയും പിണങ്ങിയും നീങ്ങിയ നാളുകൾ. അവറ്റകളുടെയെല്ലാം ചോദ്യങ്ങൾ നമ്മൾ തന്നെ കണ്ടെത്തി ഉത്തരം നൽകുന്ന ഹൃദയവിശാലത. അന്ന് ആരോടെക്കെ എന്തൊക്കെ കടുത്തു പറഞ്ഞുകാണും, വികൃതികൾ അതിരുവിട്ടപ്പോൾ ദേഹോപദ്രവങ്ങൾ വേറെയും. എന്നിട്ടുമെന്തേ ആർക്കും പരിഭവമില്ലാഞ്ഞേ? കുറ്റപ്പെടുത്തിലില്ലാഞ്ഞേ? ഉത്തരം ലളിതം, കളങ്കം തെല്ലുമില്ലയുള്ളിൽ. എല്ലാത്തിനുമൊടുവിൽ ചുംബനങ്ങൾ സമ്മാനം.. തിരിച്ചു വരുമോ ആ കാലം, ആരായാലും കൊതിച്ചു പോകും.

ബാല്യം, അന്ന് കിട്ടിയ അടികളൊന്നും വെറുതെയായില്ലന്ന് ഇന്നു നാം സമ്മതിക്കും, കുറച്ചുകൂടെ ആവാമെന്നായിരിയ്ക്കും ഇപ്പോൾ തോന്നുന്നത്. പൊതു ശത്രുവിനെ വീഴ്ത്താൻ കൂട്ടുകൂടി കുഴികളാൽ കെണിയൊരുക്കിയതിന്, എല്ലാത്തിനും മുടക്കം പറയുന്ന കാരണവന്മാരുടെ ചാരുകസേരയുടെ വടി ഊരിവെച്ചു വീഴ്ത്തിയതിന്, ആരാൻറെ മാവിലെറിഞ്ഞതിന്, കട്ടുതിന്നതിന്, അനുവാദമില്ലാതെ കുളത്തിൽ ചാടിയതിന്, സൈക്കിളെടുത്തു ഊരുതെണ്ടാൻ പോയതിന്.. അങ്ങിനെപോകുന്നു ആ വലിയ നിര. ഇനിയൊരു ബാല്യമുണ്ടെങ്കിൽ, എത്ര തല്ലുകൊണ്ടാലും വേണ്ടീല, ആ വഴികളിലൂടെ ഒരിക്കൽകൂടി സഞ്ചരിക്കാൻ പറ്റിയെങ്കിൽ.

കൗമാരം, ചിന്തകൾക്കെല്ലാം ഒരായിരം വർണ്ണ ചിറകുവിരിക്കുന്ന കാലം, നോക്കിനും വാക്കിനും നൂറു അർത്ഥങ്ങൾ കല്പിക്കപെടുന്ന കാലം. സംശയങ്ങളാൽ സംഘർഷം നിറച്ച ദിനങ്ങൾ. ആ കൗമാരത്തിലേക്ക് ഇന്നു നാം നോക്കുമ്പോൾ നമ്മളിലെ രക്ഷിതാവിനോടായ് അത് പറയുന്നു, “മക്കളുടെ പക്വമതികളായ കൂട്ടുകാരായി നിങ്ങൾ മാറേണ്ട കാലമാണ് അവരുടെ കൗമാരം”‌.

യൗവ്വനം, ആ വാക്കിൽ തന്നെയുണ്ട് വല്ലാത്തൊരു തീക്ഷണം. കലാലയത്തിലാണ് അതിൻറെ ഓർമ്മകൾ ശരാശരി ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. വെറുതെ കലാലയത്തിൽ പഠിച്ചു പോയവരല്ല, അവിടെ ജീവിച്ചവർ. പുതുതലമുറയോട് നമുക്ക് പങ്കുവെക്കാനുള്ളതും ഇതാണ്..

പൊള്ളുന്ന പരീക്ഷകളിലെ ആ വെയിൽ നിങ്ങൾ കൊള്ളുക.

മഴയായ് പെയ്യുന്ന സൗഹൃദങ്ങളിൽ ആവോളം നനയുക.

ഏതു എരിവേനലിലും തണലേകുന്ന അധ്യാപകബന്ധങ്ങൾ സ്വായത്തമാക്കുക.

സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മാനങ്ങൾ അടുത്തറിയുക, സംവദിക്കുക.

അക്ഷരങ്ങളും അതിൽ നെയ്തെടുത്ത ആശയങ്ങളുമാണ് പരിഷ്കൃത സമൂഹത്തിന്റെ ആയുധം.

പ്രായത്തോട് നീതിപുലർത്തുമ്പോൾ തെറ്റുകൾ സ്വാഭാവികം.

തെറ്റെന്ന് ബോധ്യമായാൽ തിരുത്താൻ വൈകരുത്, ക്ഷമചോദിക്കാൻ മടിക്കരുത്, അങ്ങിനെ കാലത്തോടും മനുഷ്യരോടും സഹജീവികളോടും നീതിപുലർത്തുക.

ഇവയെല്ലാം നിങ്ങളിലെ മനുഷ്യനെ കരുത്തനായ് വാർത്തെടുക്കുമെന്ന് തീർച്ച.!

ഹൃദയഭേദകം ആ കലാലയ പടിയിറക്കം.. പലയാവർത്തി വിടചൊല്ലി പടിയിറങ്ങുമ്പോൾ ആർത്തുല്ലസിച്ചു നടക്കുന്ന പുതുമുഖങ്ങളാണ് ചുറ്റിലും. പടിയിറങ്ങുന്ന ഓരോ മനസ്സകവും അവരോടിങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ പൊടുന്നനെ പൊഴിയും,

ഒരുനാൾ കാലം നിങ്ങളെയും പടിയിറക്കും.

ഇന്ന് നിങ്ങൾ കൈവശപ്പെടുത്തിയ ഇടനാഴികൾക്കും മരത്തണലുകൾക്കും മതിൽത്തറകൾക്കും അന്ന് പുതിയ അവകാശികൾ വന്നിടും.

ഉറ്റുവീഴുന്ന ഒരോ നിമിഷവും അമൂല്യമാണ്, അത് പാഴാക്കരുത്, കലഹിച്ചു കളയരുത്.

ഇവിടെ ജീവിക്കുക, ആഘോഷിക്കുക.

അതിരുവിടാതെ കാക്കണം, ഇവിടെ നിങ്ങൾ കാത്തുസൂക്ഷിക്കുന്ന പവിത്രതയ്ക്ക് നിങ്ങളുടെ ജീവിതത്തിന്റെ വിലയുണ്ട്.!

ഒടുവിൽ നാം നടന്നകന്നു.. നേടിയ കടലാസുകളെല്ലാം ഭാണ്ഡത്തിലാക്കി, പ്രതീക്ഷകളുടെ ജീവിതഭാരവും തലയിൽ പേറി, കലാലയമേ നിന്നെയും നെഞ്ചിലേറ്റിക്കൊണ്ട്.. അധികദൂരമെത്തുമ്പോഴേക്കും ഒന്ന് ബോധ്യമായി, ഈ കാലമത്രയും കൊണ്ടത് ഇളവെയിലായിരുന്നു. പൊള്ളുന്ന വഴികളിതാ അറ്റമില്ലാതെ മുന്നിൽ നീണ്ടുകിടക്കുന്നു.

ശിഷ്ടകാലം

ഏവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. കോവിഡ് മാഞ്ഞുപോകണം, വീണ്ടുമൊരിക്കലും തെളിയാത്തവിധം. സകല പ്രയത്നവും അതിനുവേണ്ടി തന്നെ. പക്ഷെ കോവിഡ് കാലം? പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു നമ്മളതുമായ്. ഇല്ലായ്മയിലും പരിമിധികളിലും ആണെങ്കിലും നഷ്ടപ്പെട്ടുവെന്ന് കരുതിയ പലതും ഈ കോവിഡ് കാലം മലയാളിക്ക് ചെറിയ അളവിലെങ്കിലും തിരിച്ചുതന്നിട്ടുണ്ട്. ആ ഇഷ്ടവും സ്മരണയും മായാതിരിക്കട്ടെ. തിരുത്തലുകൾ, മാറുന്ന ശീലങ്ങൾ, പുതിയ രീതികൾ.. എല്ലാം നല്ല നാളെയുടെ ശുഭസൂചികകൾ.

ഋതുചക്രം താനെ തിരിഞ്ഞു കൊണ്ടേയിരിക്കും, ഒപ്പം അവരവരുടെ ജീവചക്രവും. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നിവയടങ്ങിയ മനുഷ്യന്റെ ജീവചക്രം. ഈ ഘട്ടങ്ങളിലത്രയും ശിശിരം മുതൽ ഹേമന്തം വരെയുള്ള ഋതുക്കൾ പല ആവർത്തി നമുക്ക് അകവും പുറവും അനുഭവപ്പെടുന്നു, ആസ്വദിക്കുന്നു. വലുതാകാൻ ആശിച്ചും വാശിപിടിച്ചും ബാല്യവും കൗമാരവും ഓടിത്തീർത്തു യൗവ്വനവും കൊഴിഞ്ഞു വാർദ്ധക്യത്തിൽ എത്തിയപ്പോൾ മനുഷ്യന് മനസ്താപം. പക്ഷെ ഭൂമിയിൽ ഋതുചക്രത്തിന്റെ തനിയാവർത്തനം ജീവചക്രത്തിന് പരിചയമില്ലല്ലോ.

ചെറിയ പുൽചെടികൾ മുതൽ വൻവൃക്ഷങ്ങൾ വരെ പൂത്തുലഞ്ഞ്, കുയിൽ പാട്ടുകളുമായ് ഭൂമിയെ ഒരു മണവാട്ടിയായി ഒരുക്കുന്ന മറ്റൊരു വസന്തത്തെയും സ്വപ്നംകണ്ടുറങ്ങാം. ഓർക്കുക, മണ്ണും മഞ്ഞും ചെടികളും പൂക്കളും നദികളും പിന്നെയും ഒരുപാടുകളായ് നമ്മെ ഹർഷപുളകിതമാക്കുന്ന ഭൂമിയും അകമേ സദാ തിളച്ചു മറയുകയാണ്. ഒരുവേള അഗ്നിപർവ്വതങ്ങളായ് ഉറ്റുവീഴുന്നുണ്ടതിൻ ചുടുനീർതുള്ളികൾ.

കാലം, ജീവിതം..

കാലക്കേട്‌, അതിജീവനം..

സർവ്വത്ര പ്രകൃതിമയം..

പ്രകൃതിയോ ഒരു പ്രഹേളികയും.!

dummy

5 thoughts on “കാലവും കോവിഡും

  1. നീ എഴുതി തള്ളിയി രിക്കുകയാണല്ലോ.. എല്ലാ വരികളും അർത്ഥഗർഭമായത് കൊണ്ടു ഓടിച്ചിട്ട് വായിച്ചുതീർക്കാൻ നിന്നില്ല… ബ്രേക്ക് പിടിച്ചു തന്നെ വായിച്ചു..😄

    ഋതുചക്രവും ജീവ ചക്രവും ബാഷ്പീകരിച്ച ചിന്താസരണികളിലൂടെ ലേഖനത്തോടൊപ്പം ഒപ്പം സഞ്ചരിച്ചപ്പോൾ പ്രകൃതിയോടൊപ്പം തിരിച്ചു വരവിനുള്ള ഊർജ്ജം ഓരോ വായനക്കാരനും ലഭിക്കുന്നു❤️

    Liked by 1 person

  2. ഓടിച്ചൊന്ന് വായിച്ചു…പക്ഷേ അത് പോരാന്ന് തീർത്തും മനസ്സിലാക്കുന്നു…അത്രമേൽ ഗംഭീരമായിരിക്കുന്നു എഴുത്ത്…ഒന്ന് ഒഴിഞ്ഞിരിക്കുമ്പോൾ വേണം സാവധാനം വായിക്കാൻ…. അഭിനന്ദനങ്ങൾ!

    “പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിൽ ആഹാരശീലങ്ങൾക്കു പങ്ക് അനിഷേധ്യമാണ്. കോവിഡ് കാലവും അതിൽ അടിവരയിടുന്നു”

    Liked by 1 person

Leave a comment