താഴ്ന്നു പറക്കാം.!

പ്രണയം ഭ്രമിക്കുന്ന പ്രഭാതത്തിലെ
ഈറനണിഞ്ഞ ഇടവഴികളിലിന്ന്
പ്രാണൻറെ കരിനിഴൽ വീണിരിക്കുന്നു..

പടിവാതിലും വാതിൽപഴുതും കടന്ന്
നെഞ്ചോരം വരെ മൃത്യുവിൻ നിഴലാട്ടങ്ങൾ..
ഉയിരും ഉള്ളും വിറകൊള്ളുന്നുള്ളറകളിൽ..

വർണ്ണങ്ങളെല്ലാം മങ്ങിയപോൽ..
കിളിനാദങ്ങൾ കാതങ്ങളകലെയായ്..
രുചിയും ഗന്ധവും അറിയാതെയായ്..

ആരെല്ലാം കൈപിടിച്ച് പിച്ചവെച്ചൊരുവൻ,
ഇന്ന് മേഘങ്ങൾക്കുമുയരെ പറക്കുന്നു..
സർവ്വം നിരീക്ഷിക്കുന്നു.. ഗർവ്വ് മുഴക്കുന്നു..

മനുഷ്യാ.. മർത്യാ..
ആകാശങ്ങളിൽ അനശ്വരതയുടെ
കൂടുകൂട്ടാൻ നിനക്കാവില്ല..
നീയുമൊരുനാൾ വീഴും, മണ്ണിലലിയും..

അന്യോന്യം കൊത്തിവലിക്കുന്ന
കഴുകചിന്തകൾ വെടിഞ്ഞീടാം..
ഒരുമിച്ചിരുന്നു കൊത്തിപ്പെറുക്കി തിന്നുന്ന
മാടപ്രാവുകളുടെ മാനസ്സിക താഴ്വവരയിലേക്ക്
ഇനിയല്പനേരം താഴ്ന്നു പറക്കാം..

ഇനിയൊരു പ്രളയത്തിനും മഹാമാരിക്കും
പകുത്തു നൽകാനെത്ര ബാക്കിയുണ്ടായുസ്സിൽ..

അലിഞ്ഞുചേരും മുൻപെ നീ അറിയുക..
സോദർക്ക്‌ ചിറകേകുക.. അലിവേകുക..
നിൻ നാമം കാലത്തിനുമപ്പുറം വാഴ്ത്തീടും..

Leave a comment