മാറിയും മാറാതെ

മാറ്റം മാത്രം മാറ്റമില്ലാതെ തുടരുമ്പോൾ
മാറാതിരിക്കാനുള്ളിലൊരു മോഹം..

മാറുന്നു വഴികൾ വഴിയോരങ്ങൾ
മാറുന്നു രുചികൾ അഭിരുചികൾ
മാറുന്നു കാലവും കോലവും
മാറുന്നു വേണ്ടാ വേണ്ടതുകൾ വേണ്ടുവോളം
മാറുന്നു നാമും നാമറിയാതെ..

മാറാനാവില്ലെന്ന് ഇന്നലകൾ,
തിരിച്ചറിവിന്റ തിരിഞ്ഞുനോട്ടത്തിലതും
അനുദിനം മാറുന്നു കൂടെ..
തരിശെന്ന് വിധിച്ച മരുവുപോലുമിന്ന്
പച്ചവിരിച്ച് തണലേകുന്നു..

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളായ്‌
താളുകളിൽ ഒളിപ്പിച്ച മയിൽപ്പീലികളും
വിടരുന്നു ഉള്ളിൽ വര്‍ണ്ണാഭമായ്‌..
അയവിറക്കുന്തോറും മധുരമായി മാറുന്നു കയ്‌പ്പോർമ്മകൾ..
മധുരസ്മരണകൾ പട്ടുവിരിച്ചിട്ട
സ്മൃതിപദങ്ങളിൽ നിന്നും
അടരാനാകാതെ നാമിന്നും..

ഇഷ്ടമതെന്നും ഇന്നിനോട് മാത്രം
നിഴലായ് കൂടെവേണം നിനവുകൾ
കനൽകെടാതെ കനവുകളും..
മാറിയും മാറാതെ മുന്നോട്ട് നീങ്ങിടാം
തെല്ലും വേണ്ട പരിഭ്രമം,
തേടുവാനില്ല നമ്മെയല്ലാതെ എങ്ങും..

മാറുന്നതത്രയും ചുറ്റിലും പിന്നെയും
മാറാൻ മടിച്ചു മാറിയിരുന്ന് നെഞ്ചകം.!

Leave a comment